"എന്റെ കുഞ്ഞേ...നിന്റെ ഷര്‍ട്ട് കൊണ്ടാണോ സ്കൂളില്‍ നിലം തുടക്കുന്നത്?" മഞ്ഞ നിറം പൂണ്ട ഷര്‍ട്ട് കണ്ട് അമ്മ മൂക്കത്ത് വിരല്‍ വയ്ക്കുന്നു.
ഇടം കാലിലെ ഷൂ വലത്തെ കൈയില്‍. ഒന്ന് വലം കാലില്‍ ഭദ്രം. ടൈയ്യുടെ വാല് പുറകില്‍ എവിടെയോ. ഒരു മൂന്നാം ക്ലാസ്സ് - നാലാം ക്ലാസ് വരെയെങ്കിലും നാലുമണി നേരത്തെ യൂണിഫോം ഇത് തന്നെ ആയിരുന്നു എനിക്ക്. കാല്‍മുട്ടിലും കൈമുട്ടിലും മുറിവ് ഉണങ്ങിയതിന്റെ ഓര്‍മ്മയെ ഇല്ല. ഓര്‍മ്മകള്‍ പലതും തിരിച്ച് പിടിക്കുമ്പോള്‍ ഊറിച്ചിരിക്കാന്‍ ഒട്ടേറെ വക തരുന്നുണ്ട് അക്കാലം!

അന്നത്തെ ചെയ്തികളെ ഒരു തരം പരിഹാസത്തിന്റെ കണ്ണിലൂടെയാണ് ഇന്നലെ വരെ കണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ കാല്‍വിന്‍ ആന്‍ഡ് ഹോബ്സ് കാര്‍ടൂണുകള്‍ ആസ്വദിച്ച് തുടങ്ങും വരെ. കാല്‍വിനെ കൂട്ട് കിട്ടിയതില്‍ പിന്നെ ഞാന്‍ അറിയുന്നു-പഴയ ആ കളികളൊന്നും കളികളേ ആയിരുന്നില്ല എന്ന്. ശങ്കരപ്പിള്ള പറയുമ്പോലെ "കളിപ്പാട്ടങ്ങള്‍ ഒന്നും കളിപ്പാട്ടങ്ങള്‍ അല്ല..അവ കാര്യപ്പാട്ടങ്ങളാണ്" എന്ന തിരിച്ചറിവില്‍ എന്നെ കൊണ്ടെത്തിച്ചത് "കാല്‍വിന്‍ ആന്‍ഡ് ഹോബ്സ്" എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആണ്. ചിരിയിലെ ചിന്ത കൊണ്ട് വീക്കെയെന്നിനോപ്പം ഇതിന്റെ സൃഷ്ടാവ് ബില്‍ വാട്ടേഴ്സണ്‍ എന്ന മഹാപ്രതിഭയും എന്റെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടുന്നു.
എസ്സെമ്മെസ്സിന്റെ പെരുവെള്ളം പാഞ്ഞ കാലത്ത് കോളേജില്‍ പഠിച്ചത് കൊണ്ട് ഇന്‍ബോക്സില്‍ ടിന്റുമോന്റെ പെരളി ആയിരുന്നു. എന്നും അഞ്ചും പത്തും ടിന്റുമോന്‍ നുറുങ്ങുകള്‍. ഒരു ടിന്റുമോന്‍ സായിപ്പ് എന്ന മുന്‍ധാരണയോടെയാണ് കാല്‍വിനെ വായിച്ച് തുടങ്ങിയത്. ഒരു പത്ത് സ്ട്രിപ്പിനപ്പുറം എന്റെ ധാരണകളെ ഈ ആറു വയസ്സുകാരന്‍ തിരുത്തിയെഴുതി. ടിന്റുമോന്‍ ഒരു പ്ലാട്ഫോം മാത്രമായിരുന്നു. സര്‍ദാര്‍ജി പറഞ്ഞതും, പേരില്ലാ കഥാപാത്രങ്ങള്‍ പറഞ്ഞതുമായ എല്ലാം തന്നെ ടിന്റുമോന്റെ വായില്‍ തിരുകുകയായിരുന്നു നമ്മള്‍. അതുകൊണ്ട് തന്നെ ടിന്റുമോന് മൂര്‍ത്തവും സ്ഥായിയുമായ ഒരു പാത്രസ്വഭാവമോ പ്രായമോ പോലും ഇല്ലായിരുന്നു. എല്‍ കെ ജി ക്കാരനായും പ്രണയാതുരനായും എന്തിനു ഭര്‍ത്താവായിപോലും ആ ഇടയില്‍ ടിന്റുമോനെ നമ്മള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ കാല്‍വിന്‍ തികച്ചും വ്യത്യസ്തനാണ്-ആറാം വയസ്സിലും വ്യക്തിത്വമുള്ള മൂര്‍ത്തമായ സ്വഭാവ സവിശേഷതകളുള്ള അഭിപ്രായങ്ങളുള്ള കഥാപാത്രം.
1985 നവംബറിലാണ് ആദ്യ കാല്‍വിന്‍ കാര്‍ടൂണ്‍ പുറത്തിറങ്ങുന്നത്. കാല്‍വിന് ഒരു കടുവാപ്പാവ വലയില്‍ കുടുങ്ങി കിട്ടുന്നിടത്തു നിന്ന് അവന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുകയാണ്. (ഒന്ന് ക്ലിക്കിയാല്‍ വലുതായേക്കും)

1985 മുതല്‍ 1995 വരെ പത്തുകൊല്ലക്കാലം കാര്‍ടൂണ്‍ സ്ട്രിപ്പുകളിലെ രജനീകാന്ത് ആയിരുന്നു കാല്‍വിന്‍ എന്ന കുന്നായ്മക്കാരനും ഹോബ്സ് എന്ന പഞ്ഞിക്കടുവയും. ഇപ്പോഴും ഇന്ത്യ അടക്കം അമ്പതു രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങള്‍ കാല്‍വിന്റെ പഴയ ലീലാവിലാസങ്ങള്‍ വീണ്ടും വീണ്ടും കാട്ടി ചിരിപ്പിക്കുന്നുണ്ട്.
കാല്‍വിന്‍ എന്ന ആറുവയസ്സുകാരന്‍. കുസൃതി...സാഹസങ്ങള്‍..ഫിലോസഫി..ദൈവശാസ്ത്രം...സമൂഹശാസ്ത്രം, പ്രത്യയശാസ്ത്രം...അമാനുഷര്‍...അവന് ഇങ്ങനെ ഇഷ്ടവിഷയങ്ങള്‍ പലതാണ്. ഹോബ്സ് അവന്റെ പഞ്ഞിക്കടുവയാണ്. വെറുമൊരു കളിപ്പാട്ടം മാത്രമല്ല ഈ കടുവപ്പാവ..അവനോടു സംസാരിക്കുന്ന, ഇഷ്ടങ്ങള്‍ പങ്കു വയ്ക്കുന്ന ഉറ്റ സുഹൃത്ത് കൂടിയാണ്.
ബില്‍ വാട്ടേഴ്സണ്‍ കാല്‍വിനിലൂടെ സമ്മാനിക്കുന്നത് കുസൃതി കാട്ടലിലെയും കൊച്ച് വായിലെ വല്യ വര്‍ത്താനത്തിന്റെയും ചിരി മാത്രമല്ല. സൂക്ഷിച്ചൊന്നു നോക്കിയാല്‍ സാമൂഹ്യ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ആ കൊച്ച് വായിലൂടെ എറ്റിവിടുന്നത് നമുക്ക് കാണാം.
കാല്‍വിന്റെ ലോകങ്ങള്‍
ലോകത്തെ തന്നെ രണ്ടായി തിരിക്കുന്നുണ്ട് വാട്ടേഴ്സണ്‍. ഒന്ന് കാല്‍വിന്റെ ലോകമാണ്.വേറൊന്നു മറ്റുള്ളവരുടെ ലോകവും. കാല്‍വിന്റെ ലോകം വിചിത്രമാണ്. പഞ്ഞിക്കടുവ മനുഷ്യരെ പോലെ സംസാരിക്കുന്ന ജീവനുള്ള കടുവയാകും.

കാല്‍വിന്‍ ചിലപ്പോള്‍ അദൃശ്യനാകും.പറന്നു നടന്നെന്നിരിക്കും.

രണ്ടും മൂന്നും ആളുകളാവും. ദിനോസര്‍ വെട്ടയ്ക്കിറങ്ങും. അവിടെ ഭൂതപ്രേത പിശാചുക്കള്‍ എല്ലാം തന്നെയുണ്ട്. അവര്‍ അവന്റെ കട്ടിലിനടിയില്‍ സഭകൂടി കാല്‍വിനെ ഭയപ്പെടുത്തും.

അച്ഛനും അമ്മയും സാറന്മാരും ഒക്കെ അതില്‍ കഥാപാത്രങ്ങളായി മാറും.

മറ്റുള്ളവരുടെ ലോകത്തില്‍ കാല്‍വിന്‍ ശ്വാസം മുട്ടുന്നുണ്ട്. അവിടെ അപ്പനും അമ്മയ്ക്കും തലവേദനയുണ്ടാക്കുന്ന കുരുത്തക്കേടാണ് കാല്‍വിന്‍. അവന്റെ ജീവിതവീക്ഷനങ്ങള്‍ക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

രാഷ്ട്രീയവും, ദൈവശാസ്ത്രവും, വിദ്യാഭ്യാസവും എല്ലാം അവനു മുന്‍പില്‍ വിവരക്കെടുകലാണ്. നിയമങ്ങളാല്‍ ബന്ധിതമാണ് ആ ലോകം.

പലതിനോടും പോരുത്തപ്പെടെണ്ടി വരുന്നു അവിടെ. അതുകൊണ്ട് തന്നെ വായനക്കാരന്‍ കണ്ഫ്യൂസ്ഡ് ആവുന്നു. ഏതാണ് കൂടുതല്‍ സത്യം? ഏത് ലോകമാണ് ജീവിക്കാന്‍ സുഖം എന്നൊക്കെ നാം ചിന്തിച്ച് പോവുന്നു.
ഏകാന്തതയുടെ തടവിലാണ് കാല്‍വിന്‍ എന്ന് നമുക്ക് കാണാം. സൂസി ഡേര്‍ക്കിന്‍സ് എന്ന പെണ്‍കുട്ടിയെ അവന്‍ ഇപ്പോഴും ഒഴിവാക്കുന്നത് കാണാം. അച്ഛന്റെയും അമ്മയുടെയും കൈവിട്ടോടാനാണ് അവനു ധൃതി. എണ്‍പത്തഞ്ചു മുതല്‍ തൊണ്ണൂറ്റഞ്ചു വരെ കാലഘട്ടത്തിലാണ് കാല്‍വിന്‍ വരയ്ക്കപ്പെട്ടത്. ഇലക്ട്രോണിക്സ് യുഗത്തിന്റെ, ടെലിവിഷന്‍ യുഗത്തിന്റെ വരവോടെ ഏകാന്തമായി മാറുന്ന ഒരു ബാല്യത്തെ ചിരിയുടെ മേമ്പൊടി ചേര്‍ത്ത് വരച്ചെടുക്കുകയാണ് വാടെഴ്സന്‍. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ റീച്ചിനെ സംശയത്തോടെ വീക്ഷിക്കുന്ന ബില്‍ വാട്ടെഴ്സനെ നാം കാണുന്നുണ്ട്.

അപ്പന്‍ അമ്മ കഥാപാത്രങ്ങളെക്കാള്‍ കോമണ്‍സെന്‍സ് കാല്‍വിന്‍ പ്രകടിപ്പിക്കുന്നുണ്ട്. കാല്‍വിന്റെ അച്ഛന്‍ മണ്ടത്തരങ്ങള്‍ പലതും പറഞ്ഞു നമ്മെ ചിരിപ്പിക്കുന്നുന്മുണ്ട്.

സ്വന്തമായ ഫിലോസഫി, രാഷ്ട്രീയ വീക്ഷണങ്ങള്‍ എല്ലാം നമുക്ക് ഈ ആര് വയസ്സുകാരനില്‍ കാണാം.


കണക്കിന്റെ ലോകം പക്ഷെ അവനു പിടി തരുന്നില്ല..കണക്കിന്റെ കാര്യത്തില്‍ ഒരു യുക്തിവാദിയാണ് കാല്‍വിന്‍. ഒന്നും രണ്ടും ചേര്‍ന്നാല്‍ മൂന്നു എന്ന തികച്ചും അന്യമായ എന്തോ ഒന്നുണ്ടാവുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്നു. ചോദ്യം ചെയ്യാന്‍ പാടില്ല! ചോദ്യം ചെയ്‌താല്‍ ശാസ്ത്രലോകത്തിനു നിലനില്‍പ്പില്ല. "ദീര്‍ഖദര്‍ശനം ചെയ്യും ദൈവജ്ഞരെ" പഠിപ്പിക്കാന്‍ മാത്രം വിദ്യാഭ്യാസം വളര്‍ന്നോ എന്നാണു സംശയം.
സാമ്പ്രദായിക വിദ്യാഭ്യാസത്തെയും നന്നായി കൊട്ടുന്നുണ്ട് കാല്‍വിനിലൂടെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എന്നെ പ്രാപ്തനാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നാണു കൊച്ചുവായില്‍ അവന്‍ ചോദിക്കുന്നത്.


നിയമത്തോടും സമ്പ്രദായങ്ങളോടും സ്ഥാപനവ്യവസ്തയോടും ഉള്ള കലഹമാണ് പലപ്പോഴും അവന്‍ നടത്തുന്നത്.

അതില്‍ നിന്ന് മാറി നില്‍ക്കുന്ന കാല്‍വിന്‍ ബോള്‍ എന്ന ഒരു കായികവിനോദം കൂടി അവന്‍ കണ്ടുപിടിക്കുന്നു. നിയമങ്ങളില്ല എന്നതാണ് കളിയുടെ പ്രത്യേകത!

ആരും ചിന്തിക്കാത്ത രീതിയില്‍ അവന്‍ ചിന്തിച്ചെന്നിരിക്കും..

ചിലപ്പോള്‍ അമ്മയെക്കൊണ്ട് സൈക്കോളജി ബുക്ക് എടുപ്പിക്കാന്‍ പാകത്തില്‍ അവന്‍ അടിമുടി മാറുകയും ചെയ്യും.

കാല്‍വിന്‍ ഒരു സംഭവമാണ്..
ഹോബ്സ്

ഹോബ്സ് അങ്ങനെ നമുക്ക് പെട്ടെന്ന് പിടി തരില്ല. ചിലര്‍ക്ക് കാല്‍വിന്‍ ഒറ്റയാകുമ്പോള്‍ ജീവന്‍ വയ്ക്കുന്ന ഒരു അത്ഭുതപ്പാവ എന്ന നിലയില്‍ കാണാന്‍ ആണിഷ്ടം. മൃഗങ്ങള്‍ക്ക് മനുഷ്യസ്വഭാവം കൊടുക്കുന്നതിനെ ആന്ത്രോപോമോര്‍ഫിസം എന്നാണു പറയുക. കുട്ടിക്കാലത്ത് നമുക്ക് മൃഗങ്ങളൊക്കെയും മനുഷ്യസ്വഭാവികള്‍ ആയിരുന്നു. വ്യക്തിത്വം ഉണ്ടായിരുന്നു. ആ കോ-എക്സിസ്ടന്‍സ് പാഠം മറക്കുന്നതിനെയാണ് നമ്മള്‍ വളര്‍ച്ച എന്ന് വിളിക്കുന്നത്..അല്ലെ? മൂന്നാമതൊരു കഥാപാത്രം വരുമ്പോള്‍ ഹോബ്സ് ഒരു പഞ്ഞിക്കടുവ മാത്രമാണ്.

അതായത് കാല്‍വിന്റെ തന്നെ ഒരു ആള്‍ട്ടര്‍ ഈഗോ ആയി ഹോബ്സിനെ നമുക്ക് കാണാം. കാല്‍വിന് അവന്‍ ചെയ്യുന്നതൊക്കെയും ന്യായീകരിക്കാന്‍ പറ്റിയ ഒരു കേള്‍വിക്കാരന്‍. ഒരു നല്ല സുഹൃത്ത്.

വഴക്കിടാനും സ്നേഹിക്കാനും അഭിപ്രായം പങ്കുവയ്ക്കാനും ഒക്കെയായി ഹോബ്സ് അവനോടൊപ്പം ഉണ്ട്.

വാടെഴ്സന്‍ ഹോബ്സിനെ ഒരു മനുഷ്യപ്പാവയായി വരയ്ക്കാഞ്ഞത് ആയതു വെറുതെയാവില്ല. ബാല്യത്തെ മനസിലാവാത്ത ലോകത്തില്‍..മനുഷ്യര്‍ക്ക് പകരം മൃഗത്തെ കൂട്ട് പിടിക്കുന്ന കാല്‍വിന്‍ മനുഷ്യത്തം എന്ന അര്‍ഥമില്ലാപദത്തെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.
വാഗണ്‍ യാത്രകള്‍..മഞ്ഞു മനുഷ്യര്‍..

വാഗണില്‍ കയറി ഉരുണ്ടു നടക്കുന്നത് കാല്‍വിന്റെ ഇഷ്ടവിനോദമാണ്. പലപ്പോഴും കൈവിട്ടു പോയ ഒരു വാഗണിലാണ് അവന്റെ യാത്ര. ആഴത്തിലുള്ള ചിന്തയ്ക്കുള്ള വകയാണ് ഈ വാഗണ്‍ യാത്രകള്‍. വാഗനിലിരുന്നു അവന്‍ ഹോബ്സിനോട് സംസാരിക്കുന്നത് പലപ്പോഴും ജീവിതത്തെയും മരണത്തെയും പറ്റിയൊക്കെയാണ്. കണ്ട്രോള്‍ കൈയ്യിലില്ലാത്ത ഒരു വാഗണ്‍ യാത്രയാണോ കാല്വിനെപ്പോലെ ഒരു ബാലനായ ചിന്തകന്റെ ജീവിതം?

കാല്‍വിന്റെ കലാസൃഷ്ടികള്‍ ഒക്കെയും മഞ്ഞിലാണ്. ഉച്ചവെയിലില്‍ ഒലിച്ചു പോവുന്ന കലാപ്രവര്‍ത്തനം. ആഴമില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന കലാകാരന്മാരെ കൊട്ടാനുള്ള വടിയാണ് ഇവിടെ മഞ്ഞു മനുഷ്യര്‍.

പലപ്പോഴും ആ കലാപ്രവര്‍ത്തനം ഒക്കെയും ഭീതിപ്പെടുത്തുന്നതാവാറുണ്ട്. കറുത്ത ഹാസ്യത്തിന്റെ ഉച്ചസ്ഥായി കാണാം.

പരാമര്‍ശത്തിന് അര്‍ഹമായ മറ്റൊരു കഥാപാത്രമാണ് സൂസി. കാല്‍വിന് സൂസിയോടുള്ള ബന്ധം എന്താണ് എന്ന് വ്യക്തമല്ല. തമ്മില്‍ പിണങ്ങിത്തന്നെയാണ് ഉടനീളം ഈ കഥാപാത്രങ്ങള്‍. സൂസി അടുക്കാന്‍ ശ്രമിച്ചാലും കാല്‍വിന്‍ പിടി കൊടുക്കില്ല. കാല്‍വിന്‍ എന്ന കഥാപാത്രത്തിന് വികസിക്കാന്‍ ഉള്ള ഒരു സ്പേസ് ആണ് സൂസി. Get Rid Of Slimmy girlS (GROSS) എന്ന പേരില്‍ ഒരു ക്ലബ് സൃഷ്ടിക്കുന്നു പോലുമുണ്ട് കാല്‍വിന്‍.



അപ്പന്‍ അമ്മ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകം പേര് പോലും ഇട്ടിട്ടില്ല വാട്ടെഴ്സന്‍. കാല്‍വിന്റെ അച്ഛന്‍ അമ്മ എന്നുള്ളത് മാത്രമാണ് അവരുടെ വ്യക്തിത്വം. പലപ്പോഴും കാല്‍വിനെ പോലെ തന്നെ ചിരിപ്പിക്കുന്നു ഇവരും.


തൊണ്ണൂറ്റിഅഞ്ചു ഡിസംബറില്‍ വാട്ടേഴ്സണ്‍ തന്റെ അവസാന കാല്‍വിന്‍ കാര്‍ട്ടൂണ്‍ വരച്ചു വാട്ടേഴ്സണ്‍.
മാന്ത്രികമായ ലോകം തേടി പാഞ്ഞു പോകുന്ന വാഗണില്‍ മായുന്നതാണ് കാല്‍വിന്റെ അവസാന കാര്‍ട്ടൂണ്‍.

കാല്വിന് ആന്‍ഡ് ഹോബ്സ് എന്ന ചിരി-ചിന്തകളുടെ സമാന്തരലോകം സൃഷ്ടിച്ച ബില്‍ വാട്ടെഴ്സന്‍ എന്ന പ്രതിഭയ്ക്ക് എന്റെ ഒരു കിടിലന്‍ സലാം!!